ഉണ്ണി കാത്തിരിക്കുന്നത്...
പ്രശ്നങ്ങൾ ഒന്നിനു പിറകെ ഒന്നായി തങ്ങളെ വേട്ടയാടുന്നു എന്നു പരാതിപ്പെടുന്നവരുണ്ട്. എന്നാൽ, പ്രശ്നങ്ങളെല്ലാം ഒരുമിച്ചു വന്നാലത്തെ സ്ഥിതിയോ? അതും ഒരു കൈ സഹായിക്കാൻ ആരുമില്ലെന്നും കൂടി വന്നാൽ? ഏതാണ്ട് അതേ അവസ്ഥയിലായിരുന്നു ആദ്യത്തെ ക്രിസ്മസ് സംഭവിച്ചത്.
എല്ലാവരും പേരെഴുതിക്കണമെന്ന സർക്കാർ ഉത്തരവായിരുന്നു യൗസേപ്പിനെയും മറിയത്തെയും ബുദ്ധിമുട്ടിച്ച ഒരു കാര്യം. രാജകല്പ്പന അനുസരിക്കാൻ എൺപതു മൈലോളമാണ് പൂർണഗർഭിണിയായ മറിയവുമായി യൗസേപ്പിനു യാത ചെയ്യേണ്ടി വന്നത്. ദീർഘയാത്ര കഴിഞ്ഞുവരുന്ന ആരും ആഗ്രഹിക്കും ഒന്നു നന്നായി കുളിക്കണം, എന്തെങ്കിലും കഴിക്കണം, ഇത്തിരി നേരമൊന്നു കിടക്കണം എന്നൊക്കെ. എന്നാൽ, ബേത്ലഹേമിൽ എത്തിയ തിരുക്കുടുംബത്തിനു ഭാണ്ഡക്കെട്ടിറക്കിവയ്ക്കാൻ പോലും ഒരിടം കിട്ടിയില്ല. ബേത്ലഹേമിൽ എത്തിയാൽ യാത്ര കഴിഞ്ഞുവെന്ന ചിന്തയോടെയാകാം അവർ യാത്ര പുറപ്പെട്ടത്. എന്നാൽ ബേത്ലഹേമിൽ എത്തിയ ശേഷമാണ് അതുവരെ നടത്തിയതിനേക്കാൾ ക്ലേശകരമായ യാത്ര ആരംഭിച്ചത്. അന്യദേശത്ത് അന്തിയുറങ്ങാൻ സുരക്ഷിതമായ ഒരിടത്തിനുവേണ്ടിയുള്ള ആധിയോടെയുള്ള അന്വേഷണം. 'സ്ഥലമില്ല എന്നു കേൾക്കുമ്പോൾ പെരുകിവരുന്ന ഉത്കണ്ഠ, ദുഃഖം, അടുത്ത സ്ഥലത്തേക്കുള്ള ബദ്ധപ്പെട്ട യാത്ര. ഒടുവിൽ പരാജിതനായി തന്റെ ഭാര്യയുമൊത്ത് ഒരു തൊഴുത്തിലേക്കു നടക്കുമ്പോൾ ആത്മനിന്ദയുടെ പരമകാഷ്ഠയിലെത്തിയിട്ടുണ്ടാകില്ലേ യൗസേപ്പ്? മറിയത്തിന്റെ മുഖത്തേക്കു നോക്കാൻ അദ്ദേഹം ധൈര്യപ്പെട്ടുകാണുമോ?
ആദ്യത്തെ കൺമണിയെ കാണാനുള്ള ആവേശം മാതാപിതാക്കൾക്കു സഹജമാണ്. പക്ഷേ മറിയത്തിനോ? അവളുടെ പ്രസവവേദനയെക്കാൾ കഠിനമായിരുന്നില്ലേ അവളുടെ മാനസികവേദന? 'ദൈവമേ ഇപ്പോഴായിരിക്കരുതേ... ഇവിടെയായിരിക്കരുതേ... ഈ വൃത്തികെട്ട തൊഴുത്തിൽനിന്നുമാറി, ഒരു ചെറിയ മുറി കിട്ടുന്നതുവരെ. ഒരു രണ്ടു ദിവസം കൂടി താമസിച്ചാകണേ ഉണ്ണിയുടെ ജനനം' എന്ന് അവൾ തേങ്ങിയിട്ടുണ്ടാവില്ലേ. എന്നാൽ ദൈവത്തിന്റെ ഇഷ്ടം മറ്റൊന്നായിരുന്നു നിസഹായരും നിരാലംബരുമായ എല്ലാ മനുഷ്യർക്കും കൂട്ടായി ഒരു തൊഴുത്തിൽ പിറക്കാം എന്നായിരുന്നു അത്.
ഓരോ കുഞ്ഞും ആ കുടുംബത്തിന്റെ ഭാഗധേയം ഏറ്റെടുക്കുന്നു. അതോടൊപ്പം ആ കുടുംബത്തിന്റെ ഭാഗധേയം നിർണയിക്കുകയും ചെയ്യുന്നു. ഒരു കുഞ്ഞിന്റെ ജനനം ആ കുടുംബത്തിൽ എത്രയോ വിസ്മയകരങ്ങളായ മാറ്റങ്ങളാണ് ഉളവാക്കുന്നത്. ആ കുഞ്ഞിന്റെ സാന്നിധ്യവും നോട്ടവും ചിരിയും ചേഷ്ടകളും ചലനങ്ങളും ഏതു പ്രതിസന്ധികൾക്കിടയിലും മാതാപിതാക്കൾക്ക് ആനന്ദമാണ്, ആവേശമാണ്, കരുത്താണ്. കുറവുകൾ നിറഞ്ഞ നമ്മുടെ ജീവിതമാകുന്ന പുൽക്കൂട്ടിൽ പിറക്കാൻ കാത്തിരിക്കുന്ന ഒരു ദൈവമാണ് നമ്മുടേതെന്ന ഓർമ്മപ്പെടുത്തലാണ് ക്രിസ്മസ്. നമുക്കായി കാത്തിരിക്കുന്ന ആ ശിശുവിനെ ഹൃദയത്തിലേക്കു സ്വീകരിക്കുമ്പോൾ നമ്മുടെ ജീവിതവും വിസ്മയനീയമാംവിധം വ്യത്യസ്തമാകും. എല്ലാ കഷ്ടപ്പാടുകൾക്കു നടുവിലും സ്വർഗീയമായ ആനന്ദവും ആവേശവും കരുത്തും സമാധാനവും നമുക്കും സ്വന്തമാകും. അപ്പോഴാണ്, അപ്പോൾ മാത്രമാണ് നമ്മുടെയും ഉണ്ണിയുടെയും കാത്തിരിപ്പ് ഒരേപോലെ സഫലമാകുന്നത്.
ഫാ.ജേക്കബ് ചാണിക്കുഴി