ഉറ്റവരുടെ സന്തോഷത്തിനു
മാറ്റുകൂട്ടാൻ...
ഹെലൻ കുട്ടികളുമായി ക്രിസ്മസിന്റെ പാതിരാകുർബാനയ്ക്ക് പോയിരിക്കുകയാണ്. പക്ഷേ, അബിക്ക് അതിലൊന്നും വിശ്വാസമില്ല. ദൈവം മനുഷ്യനായത്രേ! ദൈവം അത കഷ്ടപ്പെട്ടു മനുഷ്യനെ രക്ഷിക്കേണ്ട ആവശ്യം അയാൾക്കു മനസിലായില്ല. ടിവിയിലെ സിനിമയിലേക്കു ശ്രദ്ധ പതിപ്പിച്ച് അബി ക്രിസ്മസ് ചിന്തകളെ ഒഴിവാക്കി.
പുറത്തു മഴ തകർത്തുപെയ്തു തുടങ്ങിയിരിക്കുന്നു. പെട്ടന്നാണ് പറമ്പിൽനിന്ന് ഒരു വിചിത്രശബ്ദം കേട്ടത്. നോക്കിയപ്പോൾ കുറെ പാത്തകൾ മഴയത്തു പരിഭ്രാന്തരായി ഓടുകയാണ്. പക്ഷികളെയും മൃഗങ്ങളെയും പണ്ടേതന്നെ ജീവനാണ് അബിക്ക്. തന്റെ വിറകുപുരയിൽ അവയ്ക്ക് മഴകൊളളാതെ കയറിനില്ക്കാമല്ലോ എന്ന് അയാൾ ഓർത്തു. അയാൾ പാത്തകളുടെ പുറകിൽച്ചെന്ന് അവയെ പതുക്കെ വിറകുപുരയുടെ നേർക്ക് ഓടിക്കാൻ നോക്കി. ആ പാത്തകൾ പക്ഷേ അയാൾ ഉദ്ദേശിച്ച ദിശയിലേക്കല്ല പോകുന്നത്. അയാൾ അവയെ തിരികെ ഓടിക്കാൻ ശ്രമിച്ചു. രക്ഷയില്ല. എല്ലാത്തിനെയും ഒരുമിച്ച് വിറകു പുരയിൽ എത്തിക്കുന്ന കാര്യം നടക്കില്ലെന്ന് അബിക്കു മനസിലായി. എങ്കിൽ കുറച്ചെണ്ണത്തിനെയെങ്കിലും അവിടെ എത്തിക്കാമെന്നു കരുതി അയാൾ പാത്തകളെ ശക്തമായി വിറകുപുരയുടെ നേർക്ക് ഓടിച്ചു. ഭയാക്രാന്തരായ പാത്തകൾ പലവഴി ചിതറിയോടി. തന്റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ട് നനഞ്ഞുകുതിർന്നു നിന്നുകൊണ്ട് അബി ഓർത്തു, 'ഞാൻ ഒരു പാത്തയായിരുന്നെങ്കിൽ എല്ലാത്തിനെയും വിറകുപുരയിൽ എത്തിക്കാമായിരുന്നു'. ആ നിമിഷം അബിക്ക് ക്രിസ്മസിന്റെ പൊരുൾ പിടികിട്ടി; എന്തുകൊണ്ടാണ് ദൈവം മനുഷ്യനായി പിറന്നതെന്നും.
വിശുദ്ധ മത്തായിയുടെയും ലൂക്കായുടെയും ക്രിസ്മസ് കഥകളെല്ലാം യോഹന്നാൻ ഒറ്റ വാചകത്തിലൊതുക്കി: "വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു' (യോഹ. 1,14). സ്വർഗത്തിലിരുന്നുകൊണ്ടു തന്നെ മനുഷ്യനെ രക്ഷിക്കണമെന്നല്ല ദൈവം തീരുമാനിച്ചത്. ദൈവമെന്ന നിലയിൽ തന്നെ മനുഷ്യ നെ രക്ഷിക്കാമെന്നും ദൈവം കരുതിയില്ല. ദൈവം സ്വർഗം വിട്ടു ഭൂമിയിൽ വന്നു പിറന്നു. അത് ഇവിടെ ദൈവമായി ജീവിച്ച് മനുഷ്യനെ അദ്ഭുതപ്പെടുത്തിക്കൊണ്ടും ഭയപ്പെടുത്തിക്കൊണ്ടും സ്വർഗത്തിലേക്ക് ഓടിച്ചു കയറ്റാൻ വേണ്ടിയായിരുന്നില്ല. ഭൂമിയിൽ വന്ന് ഒരു മനുഷ്യനായി അവൻ ജീവിച്ചു- അവനെപ്പോലെ വെയിലും മഴയുമേറ്റുകൊണ്ട്, അവന്റെ സകലവിധ ദുരവസ്ഥകളും പങ്കിട്ടെടുത്തുകൊണ്ട് അവരിലൊരുവനായി അവരെ സ്വർഗഭവനത്തിന്റെ സുരക്ഷിതത്വത്തിലേക്കു വഴിനടത്തുകയായിരുന്നു അവന്റെ ഉദ്ദേശ്യം.
മനുഷ്യനെ മാറിനിന്നു രക്ഷിക്കാനല്ല, മനുഷ്യനായി മാറി അവനെ രക്ഷിക്കാനാണു ദൈവപുത്രൻ ആഗ്രഹിച്ചത്. വാസ്‌തവത്തിൽ ആരാണ് മാറ്റത്തിനു വിധേയരാകേണ്ടത്? രക്ഷകനോ രക്ഷിക്കപ്പെടേണ്ടവരോ? രക്ഷ വേണ്ടവരാണു മാറേണ്ടത് എന്നതാണ് ലോകത്തിന്റെ യുക്തി. 'ഈ പോക്കുപോയാൽ നീ രക്ഷപ്പെടില്ല' എന്നു നാം തന്നെ പലരെയും ഗുണദോഷിക്കാറുണ്ടല്ലോ. എന്നാൽ, ദൈവത്തിന്റെ യുക്തി മറ്റൊന്നായിരുന്നു. രക്ഷിക്കപ്പെടേണ്ട മനുഷ്യൻ മാറുന്നതിനു മുമ്പേ രക്ഷകനായ ദൈവം സ്വയം മാറ്റത്തിനു തയാറാകുന്നു - മഹത്വത്തിൽനിന്ന് അപമാനത്തിലേക്കുള്ള മാറ്റം; സന്തോഷത്തിൽനിന്നു സങ്കടത്തിലേക്കുള്ള മാറ്റം; സർവശക്തിയിൽനിന്നു നിസഹായാവസ്ഥയിലേക്കുള്ള മാറ്റം. പാപിയായ മനുഷ്യനെ രക്ഷിക്കാൻ പരിശുദ്ധനായ ദൈവം തന്നിൽത്തന്നെ മാറ്റം വരുത്താൻ തയാറാകുന്നു. നാം ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അവരുടെ സന്തോഷത്തിനു മാറ്റുകൂട്ടാൻ ചില ചില്ലറ മാറ്റങ്ങൾ നമുക്കും ആയിക്കൂടേ?
ഫാ.ജേക്കബ് ചാണിക്കുഴി