Welcome to
St.Joseph Pontifical Seminary
Mangalapuzha
DECEMBER 23
DECEMBER 23

കരുണയുള്ളവരായി കാത്തിരിക്കാം...

കിസ്മസ് ദിവസം എന്റെ വലിയ ദുഖം അന്ന് ഒരിക്കൽ ക്കൂടി ഒരു കൊച്ചുകുട്ടിയായി കിടക്കയിൽനിന്ന് എഴുന്നേറ്റുവരാൻ സാധിക്കുന്നില്ലല്ലോ എന്നതാണ് എന്ന് ആരോ കുറിച്ചതോർക്കുന്നു. കുട്ടികളെ സന്തോഷിപ്പിക്കുന്ന എന്തൊക്കെയാണ് ക്രിസ്മസിനുള്ളത്-നക്ഷത്രം, ക്രിസ്മസ് ട്രീ, പുൽക്കൂട്... പക്ഷേ, ക്രിസ്മസ് കുട്ടികൾക്കു മാത്രമുള്ളതാണോ? “എല്ലാ കുട്ടികൾക്കുമുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത എന്നാണോ ദൂതൻ പറഞ്ഞത്? “സകല ജനങ്ങൾക്കുമുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത എന്നല്ലേ?” (ലൂക്ക്: 2,10). ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു എന്നതാണു സദ്വാർത്ത. ഒരു രക്ഷകനെ ആവശ്യമുള്ള എല്ലാവർക്കും വലിയ സന്തോഷത്തിന്റെ ആഘോഷമാണ് കിസ്മസ്
. നമ്മുടെ കുടുംബങ്ങളിൽ രക്ഷകന്റെയും രക്ഷയുടെയും അനുഭവം ഉണ്ടാകുന്നതെങ്ങനെയെന്ന് യൗസേപ്പിന്റെയും മറിയത്തിന്റെയും കുടുംബം നമുക്കു കാണിച്ചുതരുന്നു. ഏതൊരു കുടുംബത്തെയും ഛിന്ന ഭിന്നമാക്കുന്ന ഒരു പ്രശ്നം ആ കുടുംബത്തിലുമുണ്ടായി. താനറിയാതെ തന്റെ ഭാര്യ ഗർഭിണിയായതറിഞ്ഞു യൗസേപ്പ് സ്തബ്ദനായി ക്കാണും. എങ്കിലും യൗസേപ്പ് ഉടനടി ക്ഷോഭിച്ച് എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. നിഷ്കളങ്കയായ മറിയമാകട്ടെ ആദ്യന്തം മൗനം പാലിക്കുന്നു. ആ മൗനം കുറ്റസമ്മതമായി കണക്കാക്കി മറിയത്തെ പരസ്യവിചാരണയ്ക്ക് വിധേയയാക്കി നാണംകെടുത്താനോ തന്റെ നീതി പൊതുജസമക്ഷം സ്ഥാപിക്കാനോ യൗസേപ്പ് ഒരുമ്പെട്ടില്ല. പകരം, യൗസേപ്പ് ആലോചിക്കുകയായിരുന്നു. തന്റെ നീതിയും മറിയത്തിന്റെ മാനവും എങ്ങനെ രക്ഷിക്കാമെന്ന് തെറ്റുപറ്റിയവരുടെയും അഭിമാനം സംരക്ഷിക്കപ്പെടേണ്ടതാണെന്ന യൗസേപ്പിന്റെ നിലപാട് അദ്ദേഹത്തെ കരുണയുടെ പിതാവാക്കി മാറ്റുന്നു.
യൗസേപ്പ് സ്വന്തം ജീവിതത്തിൽ നിയമം പാലിക്കുന്നവൻ മാത്രമല്ല, നിയമം പാലിക്കാത്തവരോടു കരുണ കാണിക്കുന്നവൻ കൂടിയായിരുന്നു. കരുണയുടെ ആ വലിയ പിതാവിനെ ദൈവം കരുണയോടെ വഴി നടത്തുന്നതാണു നാം പിന്നീട് കാണുന്നത്. യൗസേപ്പിന്റെ കാരുണ്യമായിരുന്നു മറിയത്തിന്റെ മാനവും ജീവനും. ആ കാരുണ്യം മൂലം ഉണ്ണിയേശുവിന് ഒരു കുടുംബത്തിൽ പിറക്കാനുമായി. ജീവിത പങ്കാളിയോടും കുഞ്ഞിനോടും കരുണയും കരുതലും കാട്ടിയ യൗസേപ്പിന്റെ ജീവിതത്തിലേക്കു വലിയ കരുണയോടെ ദൈവം കടന്നുവന്ന് ഭീമമായ അബദ്ധത്തിൽനിന്ന് ആ പിതാവിനെ രക്ഷിക്കുന്നു. വാസ്തവത്തിൽ യൗസേപ്പ് ആലോചിച്ചുകൊണ്ടിരുന്നത് ഭൂമിയിൽ ഒരു പുരുഷനു ലഭിക്കാവുന്ന ഏറ്റവും ഭാഗ്യപ്പെട്ട സ്ഥാനം ഉപേക്ഷിക്കുന്നതിനെക്കുറിച്ചായിരുന്നല്ലോ! “കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്കു കരുണ ലഭിക്കും”, എന്ന വചനം യൗസേപ്പിൽ നേരത്തെതന്നെ അന്വർഥമായി.
ജീവിത പ്രശ്നങ്ങൾക്കു നടുവിൽ ദമ്പതികൾ എടുത്തുചാട്ടം ഒഴിവാക്കി ശാന്തമായിരുന്നു പ്രാർഥിക്കുമ്പോൾ, കരുണയോടും കരുതലോടും കൂടി പെരുമാറുമ്പോൾ, ജീവിത പങ്കാളിയുടെ അന്തസും അഭിമാനവും സംരക്ഷിക്കുന്നതിനു മുൻതൂക്കം നൽകുമ്പോൾ ആ കുടുംബങ്ങളിൽ രക്ഷയുടെ പ്രകാശം ചൊരിയുന്ന നക്ഷത്ര വിളക്കുകൾ തെളിയും, സംതൃപ്തിയുടെ പുഞ്ചിരി പടർത്തുന്ന ക്രിസ്മസ് വിഭവങ്ങൾ നിറയും, സന്തോഷത്തിന്റെ സംഗീതം അലയടിക്കും, നന്മയുടെ ക്രിസ്മസ് മരങ്ങൾ പൂത്തുലയും, ആ കുടുംബംതന്നെ പുതുജന്മത്തിന്റെ ജീവനുള്ള പുൽക്കൂടായി മാറും. അവിടെ കുട്ടികൾക്ക് എന്നും ക്രിസ്മസ് തന്നെ!

ഫാ.ജേക്കബ് ചാണിക്കുഴി