രാജാക്കന്മാരെപ്പോലെ
വിരുന്നുകാർ നമ്മെ സന്തോഷിപ്പിക്കുന്നവരാണ്, ഒരിക്കലെങ്കിലും - ഒന്നുകിൽ വരുമ്പോൾ, അല്ലെങ്കിൽ പോകുമ്പോൾ, സമ്മാനങ്ങളുമായി വരുന്ന വിരുന്നുകാരെയാണു കുട്ടികൾക്കു കൂടുതൽ ഇഷ്ടം. ഉണ്ണിയേശുവിനെ കാണാനായി സമ്മാനങ്ങൾ കെട്ടിപ്പൊതിഞ്ഞു മൂന്നു പേരെത്തി ( മത്തായി 2, 1-12). അവർ സാധാരണക്കാരായിരുന്നില്ല. അതുകൊണ്ട് അവർ കൊണ്ടുവന്നതും സാധാരണ സമ്മാനങ്ങളായിരുന്നില്ല. സമ്മാനം കൊടുക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും നിലയും വിലയും ഇഷ്ടങ്ങളും കാഴ്ചപ്പാടുകളുമൊക്കെ സമ്മാനങ്ങളിൽ നിന്നു വായിച്ചെടുക്കാനാകും. ആ മൂന്നു സന്ദർശകരുടെ രാജകീയതും ജ്ഞാനവും വെളിപ്പെടുത്തുന്നതായിരുന്നു സമ്മാനമായി അവർ കൊണ്ടുവന്ന സ്വർണവും മീറയും കുന്തിരിക്കാം. സ്വർണം രാജകീയതയുടെ അടയാളമാണ്. കുന്തിരിക്കം ദൈവാരാധനയ്ക്കുപയോഗിക്കുന്നു. മൃതദേഹ ങ്ങളിൽ പൂശുന്ന സുഗന്ധദ്രവ്യമാണ് മീറ. അവ മൂന്നും കാഴ്ചവച്ച് പുൽക്കൂട്ടിലെ ഉണ്ണിയുടെ രാജത്വവും ദൈവത്വവും മനുഷ്യത്വവുമാണ് ആ രാജാക്കന്മാർ ഏറ്റുപറഞ്ഞത്.
എത്രയോ ഉദാരമതികളായിരുന്നു ആ രാജാക്കന്മാർ ഔദാര്യവാൻ (generous) എന്ന വാക്കിന്റെ മൂലാർഥം തന്നെ “കുലീനരുടെ സ്വഭാവം എന്നാണ്. ഔദാര്യം ഒരു രജോഗുണമാണെന്നു വ്യക്തം. വാരിക്കോരി സമ്മാനങ്ങൾ നൽകുന്നത് രാജാക്കന്മാരാണല്ലോ. രാജകുടുംബത്തിൽ ജനിച്ചില്ലെങ്കിലും ഔദാര്യ പൂർവം സമ്മാനങ്ങൾ നല്കുന്നതിലൂടെ ആർക്കും കുലീനരാവാൻ സാധിക്കും. മറ്റുള്ളവർക്ക് ഒന്നും കൊടുക്കാനില്ലാത്ത വിധം ദരിദ്രരായി ആരുമില്ല.
എന്താണ് മറ്റുള്ളവർക്കു സമ്മാനമായി കൊടുക്കേണ്ടതെന്ന് ആ പൂജരാജാക്കന്മാർ നമ്മെ പഠിപ്പിക്കുന്നു. നമുക്കു മറ്റുള്ളവർക്കായി സ്വർണം സമ്മാനിക്കാം. അവരുടെ രാജകീയതയെ അംഗീകരിക്കുന്നതാണത്. മറ്റുള്ളവരെ അവരുടെ കഴിവുകളുടെയും നേട്ടങ്ങളുടെയും പ്രാഗത്ഭ്യത്തിന്റെയും പേരിൽ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ അവരെ നാം രാജാക്കന്മാരാക്കുന്നു. അപ്പോൾ നാം അവർക്കു സന്തോഷനിമിഷങ്ങളുടെ സ്വർണനാണയങ്ങൾ സമ്മാനിക്കുകയാണ്.
മറ്റു ചിലർക്ക് കഴിവുകളെക്കാൾ കൂടുതലുള്ളത് നന്മകളാണ് - സ്നേഹം, ക്ഷമ, കരുണ, സേവനമനോഭാവം, ഔദാര്യം... ആ നന്മകൾ കാണുകയും അവ വിലമതിക്കുകയും ചെയ്യുമ്പോൾ അവരിലെ ദൈവത്വത്തെ നാം തിരിച്ചറിയുകയും അതിനു നാം ധുപാർച്ചന ചെയ്യുകയുമാണ്. മുള്ളവരെ പച്ച മനുഷ്യരായിക്കണ്ട് അവരുടെ കുറവുകൾ ക്ഷമിക്കുമ്പോൾ, നിസഹായതയിൽ ശക്തി പകരുമ്പോൾ, ദുഖങ്ങളിൽ ആശ്വാസമേകുമ്പോൾ അവരിലൂടെ നാം മനുഷ്യനായിപ്പിറന്ന ഉണ്ണീശോയ്ക്കു മീറ കാഴ്ചവയ്ക്കുകയാണ്.
വന്നപ്പോൾ കൊടുത്ത സമ്മാനത്തെക്കാൾ വലുതാണ് ആ മൂന്നു രാജാക്കന്മാർ പോയപ്പോൾ കൊടുത്തത്. പുതിയ വഴിയിലൂടെ അവർ തിരിച്ചുപോയപ്പോൾ ഉണ്ണിക്ക് അവർ സമ്മാനം കൊടുത്തത് “ജീവൻ തന്നെയായിരുന്നു. മറ്റുള്ളവർക്കു ജീവനും സംരക്ഷണവും സന്തോഷവും സമാധാനവും നല്ല ഭാവിയും സമ്മാനിക്കാൻ നാം പുതുവഴികൾ തേടി യാത്രയാകുമ്പോൾ നമ്മുടെ വരവും പോക്കും ഒരുപോലെ സന്തോഷകരമാകും, സമ്മാനമാകും. സമ്മാനങ്ങൾ കൊടുക്കുന്ന കാര്യത്തിൽ നമുക്കും രാജാക്കന്മാരാകാം. പുൽക്കൂട്ടിലേക്ക് ഒരു രാജകീയ യാത്ര നമുക്കും നടത്താം, ഔദാര്യത്തിന്റെ ഒട്ടകപ്പുറിമേറി.
ഫാ. ജേക്കബ് ചാണിക്കുഴി