Welcome to
St.Joseph Pontifical Seminary
Mangalapuzha
DECEMBER 21
DECEMBER 21

ഭയമകറ്റുന്ന ദൈവം...

എന്റെയടുത്തു വന്ന്, എന്റെ തോളിൽ കൈയമർത്തിക്കൊണ്ട്, “പേടിക്കണ്ട, ഞാനുണ്ട് കൂടെ എന്നു പറയുന്ന ഒരു സുഹൃത്തുണ്ടായിരിക്കുക എത്രയോ വലിയ ഭാഗ്യമാണ്. എന്റെ ഭയപ്പാടുകളിൽ അങ്ങനെ എന്നോടു പറയുന്ന ഒരു ദൈവമെനിക്കുണ്ട് എന്നതാണ് ക്രിസ്മസിന്റെ സന്തോഷം.
ക്രിസ്മസ് വിവരണങ്ങളിൽ നാലു കൂട്ടരുടെയടുത്താണ് ദൈവദൂതൻ “ഭയപ്പെടേണ്ട''എന്ന സന്ദേശവുമായെത്തുന്നത്. ആദ്യം സക്കറിയായുടെ അടുത്തേക്ക്. പ്രാർഥനകളൊക്കെ വിഫലമാണോ എന്ന വലിയ ഭയത്തിന്റെ പിടിയിൽനിന്നാണു സക്കറിയായെ ദൈവദൂതൻ മോചിപ്പിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളിൽ പലരുടെയും ഏക ആശ്രയം പ്രാർഥനയാണ്. പ്രാർഥിച്ചിട്ട് യാതൊരു ഉപകാരവുമില്ലായെന്ന ഭയം നമ്മെ നിസ്ഹായതയിലേക്കും നിരാശയിലേക്കുമാണു തള്ളിവിടുന്നത്. ആ ഭയത്തിന്റെ ആവശ്യമില്ല എന്നതാണ് ക്രിസ്മസിന്റെ സദ്വാർത്ത, “സക്കറിയാ, ഭയപ്പെടേണ്ട, നിന്റെ പ്രാർഥന കേട്ടിരിക്കുന്നു" (ലൂ ക്കാ 1:13). പ്രായമായ തങ്ങളൊക്കെ സമൂഹത്തിന്റെ മാലിന്യമാണ് എന്നു ഭയപ്പെടുന്ന വൃദ്ധജനങ്ങളെ പ്രസ്തുത ഭയത്തിൽനിന്നുകൂടി മോചിപ്പിക്കുകയാണ്, ദൈവം തന്റെ ദൂതനെ പ്രായമായ സക്കറിയായുടെ അടുത്തേക്ക് അയച്ചുകൊണ്ട്.
മറിയത്തോടും ദൂതൻ പറഞ്ഞു, “ഭയപ്പെടേണ്ട (ലൂക്കാ 1: 30). വളർന്നുവരുന്ന യുവതലമുറ വലിയ ആഗ്രഹങ്ങളും പ്രതീക്ഷകളും ഉള്ളവരാണ്. എന്നാൽ തങ്ങളുടെ കഴിവുകേടുകളും എളിയ സാഹചര്യങ്ങളും അഴിമതി നിറഞ്ഞ സാമൂഹ്യ ചുറ്റുപാടുകളും അവരെ ഉത്കണ്ഠാഭരിതരാക്കുന്നു. കൗമാരക്കാരിയായ മറിയത്തിന് ദൂതൻ കൊടുത്ത്, “ഭയപ്പെടേണ്ട... ദൈവത്തിന് ഒന്നും അസാധ്യമല്ല" (ലൂക്കാ 1: 37) എന്ന ഉറപ്പ് എല്ലാ യുവതീയുവാക്കൾക്കും തങ്ങളുടെ പരിമിതികളെ മറികടക്കാൻ ദൈവം നൽകുന്ന ബലമാണ്.
യൗസേപ്പിനുമുണ്ടായിരുന്നു ഭയപ്പാട്. മറിയത്തെ സ്വീകരിക്കുന്നതു തന്റെ മതജീവിതത്തെ കളങ്കപ്പെടുത്തുമോ എന്ന ഭയം, ഭർത്താവിനടുത്ത തന്റെ അവകാശങ്ങൾ വേണ്ടെന്നുവയ്ക്കുന്നതു തന്റെ പുരുഷത്വത്തിനു നിരക്കുന്നതാണോയെന്ന ഭയം, അർക്ക ലാവോസ് രാജാവിനെക്കുറിച്ചുള്ള ഭയം... കുടുംബജീവിതത്തിലെ പുറത്തുപറയാൻ പറ്റുന്നതും അല്ലാത്തതുമായ പല ഭയപ്പാ ടുകളിലും പെട്ട് വീർപ്പുമുട്ടുന്നവർക്കുള്ള ആശ്വാസത്തിന്റെ സദ് വാർത്തയാണു ക്രിസ്മസ്.
ആട്ടിടയരാണു നാലാമത്തെ കൂട്ടർ. എല്ലാ പാപികളുടെയും പ്രതിനിധികളാണവർ. മുമ്പു ചെയ്തുപോയ പാപങ്ങളുടെ ഭാരത്താൽ ഇപ്പോൾ ഞെരുങ്ങുന്നവരോടും പാപകരമായ ബലഹീനതകളുടെ നുകം ചുമക്കുന്നവരോടും ദൂതൻ പറയുന്നു, “ഭയപ്പെ്ടേണ്ട (ലൂക്കാ 2: 10). പാപത്തെക്കാൾ വിശുദ്ധിയെ ഭയക്കുന്നവരാണു പലരും. പാപകരമായ ജീവിതസന്തോഷങ്ങൾ ഉപേക്ഷിക്കാൻ ഭയപ്പെടുന്നവർ. അത്തരം ഭയപ്പാടുകൾ നീക്കി യഥാർഥ സ്വാതന്ത്യത്തിലേക്കും കലർപ്പില്ലാത്ത സന്തോഷത്തിലേക്കും നയിക്കാൻ ഒരു രക്ഷകൻ എനിക്കുണ്ട് എന്നതാണ് ക്രിസ്മസിന്റെ സന്തോഷം.

ഫാ. ജേക്കബ് ചാണിക്കുഴി