Welcome to
St.Joseph Pontifical Seminary
Mangalapuzha
DECEMBER 20
DECEMBER 20

ആട്ടിടയരെപ്പോലെ അടിമുടി മാറാൻ...

നമ്മുടെ കുടുംബത്തിൽ ഒരു കുഞ്ഞു പിറന്നാൽ ആരെയാണു നാം ആദ്യം അറിയിക്കുക? തീർച്ചയായും ഏറ്റവുമടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയുംതന്നെ. തന്റെ മകൻ ഭൂമിയിൽ പിറന്നിരിക്കുന്ന വിവരം ദൈവം ആദ്യം അറിയിച്ചതും ആകെ അറിയിച്ചതും "പാപികളായ അട്ടിടയരെയായിരുന്നു. പാപികളെ തന്റെ സ്വന്തമായി കാണുന്നവനാണു ദൈവം.
മതപരമായ അനുഷ്ഠാനങ്ങൾ ആട്ടിടയന്മാർ കർശനമായി പാലിക്കാറില്ലായിരുന്നുവെന്നതാണ് അവരെ പാപികളായി കണക്കാക്കാനുള്ള ഒരു കാരണം. അങ്ങനെയെങ്കിൽ നമ്മിൽ ഒരു നല്ല പങ്കും ആട്ടിടയരെപ്പോലെതന്നെയല്ലേ? തൊഴിലിൽ കള്ളത്തരം കാണിക്കാൻ ആട്ടിടയർക്കു ധാരാളം അവസരങ്ങളുണ്ടായിരുന്നു. ആടുകൾ ദൂരെയുള്ള മേച്ചിൽപുറങ്ങളിലായിരിക്കുമ്പോൾ എത്രയെണ്ണത്തിനെ വന്യമൃഗങ്ങൾ പിടിച്ചു, എത്ര ആട്ടിൻകുട്ടികൾ ജനിച്ചു എന്നതിനൊക്കെ ഇടയന്മാർ കൊടുക്കുന്ന കണക്കു വിശ്വസിക്കാനേ ഉടമയ്ക്ക നിർവാഹമുണ്ടായിരുന്നുള്ളു. പല ഇടയന്മാരും ഇക്കാര്യങ്ങളിൽ മുതലാളിമാരെ കബളിപ്പിച്ച് ലാഭമുണ്ടാക്കിയിരുന്നത്രേ! ജോലിയിലെ ആത്മാർഥതയില്ലായ്മയാണ് ഇടയന്മാരെ പാപികളെന്നു പൊതുസമൂഹം മുദ്രകുത്താൻ കാരണം. അങ്ങനെയെങ്കിൽ നാം ആട്ടിടയരെക്കാൾ വ്യത്യസ്തരാണോ? എന്നും മൃഗങ്ങൾക്കൊപ്പമായിരിക്കുന്നവരാണ് ആട്ടിടയർ. കുടുംബത്തിലും ജോലിസ്ഥലത്തും മൃഗീയമായ പെരുമാറ്റം നേരിടുമ്പോൾ നാമും ആട്ടിടയരെപ്പോലെതന്നെ.
പാതിരായ്ക്ക് ആടുകൾക്കു കാവൽനിൽക്കുന്ന അവസരത്തിലാണ് ആട്ടിടയർക്കു സദ്വാർത്ത അറിയിക്കപ്പെട്ടത്. ഉടനെതന്നെ കാലിത്തൊഴുത്തിൽ പോയി ഉണ്ണിയെ അവർ സന്ദർശിച്ചു. “ജോലിത്തിരക്കും പാതിരാസമയവും' ഒരു ഒഴികഴിവായി അവരെടുത്തില്ല. രാത്രിയിലെ തണുത്ത കാറ്റും മഞ്ഞുമടക്കമുള്ള പ്രതികൂല സാഹചര്യങ്ങളും അവരെ തടഞ്ഞില്ല. നവജാതശിശു രക്ഷകനാണെന്നതിന്റെ തെളിവുകൾ (പിള്ളക്കച്ചയിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശു) ശക്തമല്ലെന്ന തടസവാദവും അവർ ഉന്നയിച്ചില്ല. ദൂതു കിട്ടിയ മറിയം പുറപ്പെട്ടതുപോലെ ആട്ടിടയരും തിടുക്കത്തിൽ യാത്രയായി.
ദിവ്യശിശുവുമായുള്ള കണ്ടുമുട്ടൽ അവരെ പുതിയ മനുഷ്യരാക്കി. അവർ സന്തോഷ ചിത്തരായും ദൈവത്തെ സ്തുതിക്കുന്നവരായും മടങ്ങിപ്പോകുന്നു, പഴയ ആടുകളുടെയും ഉടമയുടെയും സഹപ്രവർത്തകരുടെയും സമൂഹത്തിന്റെയും ഇടയിലേക്കു തന്നെ. അവയൊന്നും മാറിയില്ല, മാറിയത് ഇടയന്മാർ മാത്രം.

ഫാ.ജേക്കബ് ചാണിക്കുഴി