Welcome to
St.Joseph Pontifical Seminary
Mangalapuzha
DECEMBER 19
DECEMBER 19

ഭാഗ്യവാന്മാരാകാൻ...

പലരും ഭാഗ്യം അന്വേഷിക്കുന്നു; എന്നാൽ ഭാഗ്യം ചിലരെ മാത്രമാണ് അന്വേഷിക്കുന്നത്. ആർക്കും ഭാഗ്യവാന്മാരായിത്തീരുന്നതിനുള്ള കുറുക്കു വഴി ലൂക്കായുടെ സുവിശേഷത്തിൽ നമുക്കു കാണാം. അവിടെ മറിയത്തെയാണു ലൂക്കാ ഭാഗ്യവതിയായി അവതരിപ്പിക്കുന്നത്. മറിയം ഭാഗ്യവതിയായി ത്തീർന്നതെങ്ങനെയെന്ന് ഏലീശ്വാ വെളിപ്പെടുത്തന്നു; “കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്നു വിശ്വസിച്ചവൾ ഭാഗ്യവതി'' (ലൂക്കാ: 1,45). വചനം വിശ്വസിക്കുമ്പോൾ നാമും ഭാഗ്യവാന്മാരായിത്തീരുന്നു.
ഗബ്രിയേൽ ദൂതൻ വഴി ദൈവം അരുളിച്ചെയ്തതും മറിയം വിശ്വസിച്ചതുമായ കാര്യങ്ങൾ പലതാണ്. അതിലൊന്നാണു വന്ധ്യയായ ഏലീശ്വാ ആറുമാസം ഗർഭിണിയായിരിക്കുന്നുവെന്ന കാര്യം. ആ വചനം മറിയം വിശ്വസിച്ചു. പക്ഷേ, ആ വിശ്വാസം മറിയത്തിന്റെ ജീവിതത്തെ വെറുതെവിടുന്ന ഒന്നായിരുന്നില്ല, പ്രത്യുത ബുദ്ധിമുട്ടേറിയ ഒരു നിയോഗം വച്ചുനീട്ടുന്ന ഒന്നായിരുന്നു - ഇളയമ്മയെ ശുശ്രൂഷിക്കുക എന്ന നിയോഗം. മൂന്നു നാലു ദിവസംകൊണ്ട് 70-80 മൈൽ നടന്നുവേണം ഇളയമ്മയുടെ അടുത്തെത്താൻ. ആ യാത്രയുടെ ബുദ്ധിമുട്ടിനെക്കുറിച്ചുള്ള ഒറ്റച്ചിന്തമതി ദൂതൻ പറഞ്ഞ വാക്കുകളെ അവിശ്വസിക്കാനും അവഗണിക്കാനും. പലപ്പോഴും നമ്മുടെ വിശ്വാസം നമ്മിൽനിന്ന് ആവശ്യപ്പെടുന്ന പ്രതികരണം നൽകാനുള്ള മടികൊണ്ടാണല്ലോ വിശ്വാസകാര്യത്തിൽ നാം അലംഭാവം കാണിക്കുന്നതുതന്നെ.
മറിയത്തെ സന്തോഷത്തിലാറാടിക്കുന്നതായിരുന്നു അവളെ ക്കണ്ടമാത്രയിൽ ഏലീശ്വാ പറഞ്ഞ വാക്കുകൾ മറിയത്തിന് ഏറെ ആവശ്യമായിരുന്ന ആശ്വാസവും ധൈര്യവും ഉറപ്പും വെളി ച്ചവുമെല്ലാം, മറിയത്തിന്റെ സഹായം ആവശ്യമുള്ള ഒരു വീട്ടിൽ ദൈവം ഒരുക്കിവച്ചിരിക്കുകയായിരുന്നു, യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു വൃദ്ധയുടെ വീട്ടിൽ ദൈവം നമുക്കായി ഒരുക്കിയിരുന്ന സഹായം നാം എത്രയോതവണ നഷ്ടപ്പെടുത്തിയിട്ടുണ്ടാകാം- ദൈവവചനം അവിശ്വസിച്ചതിലൂടെ, നമ്മുടെ സഹായം ആവശ്യമുണ്ടായിരുന്നവരുടെ നേരേ കണ്ണടച്ചതിലൂടെ
ഏലീശ്വായുടെ വാക്കുകൾക്കു മറുപടിയായി മറിയം ആലപിച്ചസ്തുതികീർത്തനത്തിനു പഴയനിയമത്തിലെ ഹന്നായുടെ കീർത്തനത്തോടുള്ള (1 സാമുവൽ 2, 1-10) സമാനതകൾ ഏറെയാണ്. മറിയം ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും വചനത്തിന്റെ ശക്തിയിൽ അടിയുറച്ചു വിശ്വസിക്കുകയും ചെയ്തതുകൊണ്ടാകണം, അവൾ പൊടുന്നനവേ പാടിയ പാട്ട് ഇത്രമാത്രം വചനബദ്ധമായിരിക്കുന്നത്. ഇത്രമാത്രം വചനത്തിനു വിധേയയായ മറിയത്തിൽത്തന്നെ വചനം മാംസമെടുത്തു.
ദൈവവചനത്തിൽ വിശ്വസിക്കാൻ സാധിക്കുന്നവർ ഭാഗ്യവാന്മാരാണ്, കാരണം അവരുടെ ഹൃദയത്തിൽ വചനം മാംസമെടുക്കും, ഇമ്മാനുവേലായി. നമ്മോടൊത്തുള്ള ദൈവത്തിന്റെ നിരന്തര സാമീപ്യാനുഭവത്തിന്റെ ഭാഗ്യത്തേക്കാൾ വലുതല്ല മറ്റൊരു ഭാഗ്യവും.

ഫാ.ജേക്കബ് ചാണിക്കുഴി