ചുറ്റുമുള്ള നന്മകളിൽ സന്തോഷിച്ചുകൊണ്ട്..
“അവളൊന്നും അത്രകണ്ട് ഞെളിയണ്ട. അവളൊക്ക് എങ്ങനെ കിടന്നതാണെന്നെനിക്കറിയാം. എന്നെപ്പോലെ കൂലിപ്പണി ചെയതോണ്ടിരുന്നവളാ അവളും. ഇപ്പൊഴല്ലേ അവളുടെ പിള്ളർക്ക് കാശും പ്രതാ സുമൊക്കെയായത്..?," അരിശംകൊണ്ടും അസൂയ കൊണ്ടും വിറയ്ക്കുകയാണ് ഏലിച്ചേടത്തി. പണ്ട് തന്നെപ്പോലെ അധോഗതിയിലായിരുന്ന കൂട്ടുകാരിയുടെ പുതിയ വീട്ടിലെ കേറിത്താമസത്തിനു ചെന്ന ഏലിച്ചേടത്തിയെ കൂട്ടുകാരി വേണ്ടപോലെ ഗൗനിച്ചില്ല എന്ന തോന്നലിൽ വീട്ടിൽ വന്ന് അമർഷം തീർക്കുകയാണ് അവർ.
മറ്റുള്ളവരുടെ നേട്ടങ്ങൾ അസൂയ ജനിപ്പിക്കുമ്പോൾ സ്വന്തം നേട്ടങ്ങൾ ആത്മവിശ്വാസം ജനിപ്പിക്കുന്നു. എന്നാൽ, നമ്മുടെ നേട്ടങ്ങൾ മാത്രമല്ല മറ്റുള്ളവർക്കുണ്ടാകുന്ന നന്മകളും നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കാനുപയോഗിക്കാമെന്നാണു മംഗലവാർത്താ സംഭവത്തിൽ ഗ്രബിയേൽ ദൂതൻ നമ്മെ പഠിപ്പിക്കുന്നത്.''
മറിയത്തിന്റെ സംശയങ്ങൾക്കുള്ള ദൈവദൂതന്റെ മറുപടി “ദൈവത്തിന് ഒന്നും അസാധ്യമല്ല'' എന്നായിരുന്നു. എന്നാൽ, ദൈവികപ്രവർത്തനം മറിയത്തിന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന ഉറപ്പു മാത്രമല്ല ദൂതൻ കൊടുക്കുന്നത്. ചുറ്റുപാടും നടക്കുന്ന ദൈവിക പ്രവർത്തനങ്ങളുടെ തെളിവും ദൈവദൂതൻ മറിയത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നു, “ഇതാ, നിന്റെ ചാർച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗർഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവൾക്ക് ഇത് ആറാം മാസമാണ്.''
നമ്മക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി നിറവേറ്റാൻ ദൈവം ശക്തനാണ് എന്നതിന്റെ എത്രയോ തെളിവുകളാണ് നമ്മുടെ ജീവിതത്തിലും ചുറ്റുപാടുമുള്ളവരുടെ ജീവിതത്തിലും നാം കണ്ടുകൊണ്ടിരിക്കുന്നത്. ദാരിദ്ര്യത്തിലും രോഗത്തിലും തകർച്ചയിലും നിന്ന് ഒരിക്കലും രക്ഷപ്പെടാൻ പോകുന്നില്ല എന്നു നാം കരുതിയ എത്രയോ പേർ ദൈവികസഹായത്താ ൽ ആരോഗ്യവും സമൃദ്ധിയും ജീവിതവുമെല്ലാം തിരിച്ചുപിടി ച്ചിരിക്കുന്നു. അദ്ഭുതകരമായ വിജയത്തിന്റെയും വളർച്ചയുടെയും കഥകൾ നമ്മുടെ ചുറ്റുപാടുകളിൽ എത്രയെത്ര. മറ്റുളളവരുടെ വളർച്ചയും വിജയവും നമ്മെ അസൂയാലുക്കളാക്കാനുള്ളതല്ല, പ്രത്യുത അദ്ഭുതകരമായി നമ്മുടെ ജീവിതങ്ങളിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ കരുണയിലും കരുതലിലും ഉറച്ചുവിശ്വസിക്കുന്നതിനുള്ള പ്രേരകങ്ങളായി മാറാനുള്ളതാണ്.
സാധാരണക്കാരുടെയിടയിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ ശക്തിയെക്കുറിച്ചുള്ള ബോധ്യം അവിടുത്തെ തിരുവിഷ്ടത്തിനു തന്നെത്തന്നെ സമർപ്പിക്കാൻ മറിയത്തെ പ്രേരിപ്പിക്കുന്നു. ദൈവത്തിലും അവിടുത്തെ ശക്തിയിലും നമ്മുടെ കാര്യത്തിലുള്ള അവിടുത്തെ ശ്രദ്ധയിലുമുള്ള ബോധ്യക്കുറവല്ലേ, ഒരുപക്ഷേ പൂർണമായി ദൈവത്തെ അനുസരിക്കുന്നതിൽ നിന്നു നമ്മെ പിന്തിരിപ്പിക്കുന്നത്?
മറ്റുള്ളവരുടെ നേട്ടങ്ങളുടെ പേരിൽ അവരെ അസൂയയോടെ നോക്കുകയും അവരെ വെറുക്കുകയും ചെയ്യുക എന്നത് ദുഷിച്ച മനസിന്റെ ലക്ഷണമാണ്. എന്നാൽ, സാധാരണഗതിയിൽ നമ്മിൽ അസൂയ വളർത്തുന്ന കാര്യങ്ങൾ പ്രത്യാശയ്ക്കും ആത്മവിശ്വാസത്തിനുമുള്ള കാരണങ്ങളായി മാറത്തക്കവിധം മറ്റുള്ളവരുടെ നന്മകളെ മറിയത്തിന്റെ കണ്ണുകളിലുടെ നോക്കിക്കാണാനാകുമ്പോൾ ക്രിസ്മസ് സന്തോഷം നമ്മിലും പൊട്ടിവിടരും.
ഫാ.ജേക്കബ് ചാണിക്കുഴി