പരിമിതികളിൽ പതറാതെ...
പശുവിനെ തൊഴുത്തിൽ കേറ്റിക്കെട്ടി, കാടിയും കൊടുത്ത് തന്റെ കൈയും കാലും കഴുകി. കൈയിൽ ക്കിട്ടിയ സാരി ഒരുവിധം ഒപ്പിച്ച് ഒക്കത്തുകുത്തി ഓടിക്കിതച്ച് ഗ്രേസി പള്ളിയിലെത്തിയപ്പോൾ ധ്യാനിപ്പിക്കുന്ന അച്ചൻ നിന്നു കത്തുകയാണ്: “ജറമിയാ പ്രവാചകനിലൂടെ ദൈവം പറയുന്നു, നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്.നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്.” ഉറച്ച ബോധ്യത്തോടെയാണ് അച്ചൻ പറയുന്നതെന്ന് അച്ചൻ വചനം ഉദ്ധരിക്കുന്നതു കേട്ടാൽ മനസിലാകും. അച്ചന്റെ ബോധ്യത്തിന്റെ പിന്നിൽ അനുഭവത്തിന്റെ പിൻബലമുണ്ടെന്നു വ്യക്തം. “തന്റെ ജീവിതത്തെക്കുറിച്ച് ദൈവത്തിന് ഇനി എന്തു ക്ഷേമപദ്ധതി ഉണ്ടാകാനാണ്,?” ഗ്രസി ദുഃഖത്തോടെ ഓർത്തു. “മുക്കുടിയനായ കെട്ടിയോൻ, പഠനത്തിൽ പിന്നോക്കമായ കുട്ടികൾ, വീടുപണിക്കും പൈനാപ്പിൾ കൃഷിക്കുമായിട്ടെടുത്ത ബാങ്കു ലോൺ തിരിച്ചടയ്ക്കാത്തതിനാൽ ഇപ്പോൾ ജപ്തി നോട്ടീസും വന്നിരിക്കുകയാണ്. എല്ലാം വിറ്റ് കടം വീട്ടി എവിടെയെങ്കിലും വാടകയ്ക്കു താമസിക്കാനാണു ഭർത്താവിന്റെ പദ്ധതി. ഇതിനിടയ്ക്കു കർത്താവിന്റെ പദ്ധതി എങ്ങനെ നിറവേറാനാണ്?"
ധ്യാനഗുരു പള്ളിയിൽ പറഞ്ഞതിനെക്കാൾ വലിയ കാര്യങ്ങളാണ് ഗബ്രിയേൽ ദൂതൻ മറിയത്തോട് പറഞ്ഞത്. അതിലൊന്ന് അവളുടെ പുത്രൻ വലിയ രാജാവാകും എന്നാണ്. (ലൂക്കാ 1, 32). മറിയം പെട്ടെന്ന് തന്റെ പരിമിതികൾ ഓർത്തു പോയിക്കാണും. ഒരു രാജകുമാരനു ജന്മം കൊടുക്കാൻ താൻ ഒരു രാജ്ഞിയോ പ്രഭുകുമാരിയോ അല്ല, പിന്നെ, ഇപ്പോൾ വിവാഹവാഗ്ദാനം നടത്തിയിരിക്കുന്നത് ഒരു ആശാരിയുമായിട്ടാണു താനും. അതുകൊണ്ട് മറിയം അറിയാതെതന്നെ ചോദിച്ചുപോയി, “ഇതെങ്ങനെ സംഭവിക്കും” (ലൂക്കാ 1, 34).
ദൈവം തന്റെ വിശ്വസ്തർക്കു വാഗ്ദാനം ചെയ്തിട്ടുള്ള രക്ഷയും പരിപാലനയും സമാധാനവും സന്തോഷവുമൊക്കെ നമ്മുടെ ജീവിതത്തിൽ കടന്നുവരാനുള്ള ഒരു വഴിയും ചിലപ്പോൾ നമ്മൾ പലരും കാണുന്നില്ലായിരിക്കാം. എന്റെ പരിമിതികളും ദാരിദ്ര്യവും രോഗവും ബാധ്യതകളും അറിവില്ലായ്മയും കഴിവുകേടും എന്റെ കൂടെയുള്ളാരുടെ നിസംഗതയും ശത്രുതയുമൊക്കെ എന്നെ ചൂഴ്ന്നു നില്ക്കുമ്പോൾ എന്നെക്കുറിച്ച് ദൈവത്തിന് എന്തു പദ്ധതിയാണുള്ളതെന്നും അത് എങ്ങനെ നടപ്പിൽ വരുമെന്നും ഞാൻ ആകുലപ്പെട്ടേക്കാം. തീർച്ചയായും സ്വന്തം കഴിവിൽ ആശ്രയിക്കുമ്പോൾ നിരാശപ്പെടുകയേ നിർവാഹമുള്ളൂ. എന്നാൽ ദൈവത്തിലേക്കു നോക്കുമ്പോഴാണ് ആശയ്ക്ക് വകയുള്ളത്. ദൂതൻ മറിയത്തിന്റെ ആകുലത അകറ്റിയതും അതു പറഞ്ഞുകൊണ്ടാണ്: “ദൈവത്തിന് ഒന്നും അസാധ്യമല്ല” (ലൂക്കാ 1, 37)
ദൈവത്തിൽ പൂർണമായി ആശ്രയിച്ച് ദൈവഹിതത്തിനു തങ്ങളെത്തന്നെ സമർപ്പിക്കുന്നവരുടെ ജീവിതത്തിൽ ദൈവം വൻ കാര്യങ്ങൾ ചെയ്യുമെന്ന ഉറപ്പിന്റെ ആൾരൂപമാണു മറിയം. ആ ഉറപ്പ് നമ്മിൽ ഉറയ്ക്കുമ്പോൾ ക്രിസ്മസ് സന്തോഷം നമ്മിലേക്കും ഊറിയിറങ്ങുകയായി.