ആശയടക്കിക്കൊണ്ട്…
കൗമാര ചാപല്യങ്ങൾക്കടിപ്പെട്ട് ജീവിതം നശിപ്പിക്കുന്നവരെക്കുറിച്ചുള്ള വാർത്തകൾ ദിനംപ്രതിയെന്നോണം നാം കാണുകയും കേൾക്കുകയും ചെയ്യുന്നു. സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത ചാനലുകാർക്കും അച്ചടിമാധ്യമങ്ങൾക്കും പ്രസ്തുത വാർത്തകളും അവയുടെ പിന്നിലെ ജീവിതങ്ങളും നല്ല വിപണന സാധ്യതയുള്ള ഉത്പന്നങ്ങൾ മാത്രമാണെങ്കിലും മനുഷ്യ സ്നേഹികൾക്ക് അവയോരോന്നും വളരെ സങ്കടകരവും ഭീതി കരവുമായ സംഭവങ്ങളാണ്. ഇപ്പോഴുള്ള ആഗ്രഹങ്ങൾ ഇപ്പോൾ തന്നെ പൂർത്തീകരിക്കാൻ (Instant gratification) ശ്രമിക്കുന്നതിലൂടെ, ആരോഗ്യവും ഐശ്വര്യവും സന്തോഷവും സമാധാനവും നിറഞ്ഞ മഹത്വപൂർണമായ ഒരു ഭാവിജീവിതത്തെയാണ് തങ്ങൾ അപകടപ്പെടുത്തുന്നത് എന്ന് തിരിച്ചറിയുന്നതിൽ പലരും ദയനീയമാം വിധം പരാജയപ്പെടുന്നു. ബൈക്കും കാറും മദ്യവും മയക്കുമരുന്നും പണവും പ്രണയവും പ്രതിലോമകരമായ പ്രത്യയശാസ്ത്രങ്ങളും നൽകുന്ന ലഹരിക്കടിപ്പെട്ട് ജീവിതം നശിപ്പിക്കുന്നവർ തങ്ങൾക്കും തങ്ങളുടെ കുടുംബങ്ങൾക്കും മാത്രമല്ല പൊതുസമൂഹത്തിനുതന്നെ വലിയ നഷ്ടവും ദുഃ ഖവുമാണു വരുത്തിവയ്ക്ക ന്നത്.
നല്ലൊരു ഭാവിക്കുവണ്ടി ഇപ്പോഴത്തെ ചില ആഗ്രഹങ്ങൾ ഇപ്പോൾത്തന്നെ പൂർത്തീകരിക്കാതെ നീട്ടിവയ്ക്കുകയാണ് വിവേകമതികൾ ചെയ്യുന്നത്. ഈശോയുടെ ജനനവുമായി ബന്ധപ്പെട്ട വിവരണങ്ങളിലെ ചില കഥാപാത്രങ്ങൾ ഇത്തരത്തിലുള്ള “ഉടനടിയുള്ള ആഗ്രഹപൂർത്തീകരണം മാറ്റിവച്ചവരാണ്. യേശുവിന്റെ മുന്നോടിയായ സ്നാപകയോഹന്നാനാണ് ഒരു ഉദാഹരണം. വലിയവനാകാനുള്ള നിയോഗമാണ് ദൈവം സ്നാപ്കനു നൽകിയത് (ലൂക്ക 1: 15). പക്ഷേ, അതിനുവേണ്ടി പല ആ ഗ്രഹങ്ങളും യോഹന്നാന് വേണ്ടെന്നു വയ്ക്കേണ്ടിവന്നു. അതിലൊന്ന് "വീഞ്ഞാ മറ്റു ലഹരി പാനീയങ്ങളോ ഉപയോഗിക്കാതിരിക്കുക എന്നതായിരുന്നു (ലൂക്ക 1: 15). കുടിക്കുന്ന കാര്യത്തിൽ മാത്രമല്ല തിന്നുന്ന കാര്യത്തിലുമുണ്ടായിരുന്നു നിയന്ത്രണം. ഇഷ്ടമുള്ള ഭക്ഷണമല്ല യോഹന്നാൻ കഴിച്ചിരുന്നത്, പിന്നെയോ ശുദ്ധമെന്ന് നിയമം അനുശാസിച്ചിരുന്ന ഭക്ഷണം മാത്രമാണ് (മർക്കോസ് 1: 6). മിനുമിനുത്ത വസ്ത്രങ്ങൾക്കു പകരം പരുപരുത്ത വസ്ത്രംകൊണ്ട് അദ്ദേഹം തൃപ്തിപ്പെട്ടു. ബ്രഹ്മചാരിയായി ജീവിച്ച് ജഡികാഗ്രഹങ്ങളുടെമേലും അദ്ദേഹം കടുത്ത നിയന്ത്രണം പാലിച്ചു. പല ആഗ്രഹങ്ങളും “ഇപ്പോൾ വേണ്ട എ ന്നു യോഹന്നാൻ ചിന്തിച്ചത് അവയൊക്കെ “പിന്നീടാകാം" എന്നു വിചാരിച്ചിട്ടല്ല മരണം വരെ യോഹന്നാൻ അവയിൽ നിന്നെല്ലാം ഒഴിഞ്ഞുനിന്നു (മത്തായി 11:18) തന്മൂലം "സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവനില്ല" (മത്താ യി 11: 11) എന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തത്തക്കവിധം യോഹന്നാൻ വലിയവനായി.
സന്തോഷിക്കുക എന്നതാണു മനുഷ്യജീവിതത്തിന്റെ ലക്ഷ്യം. വലിയ സന്തോഷത്തിനുവേണ്ടി ഇപ്പോഴത്തെ ചില ചെറിയ ചെറിയ സന്തോഷങ്ങൾ ഒഴിവാക്കുക എന്ന കല അഭ്യസിക്കാൻ ഈ നോമ്പുകാലം നമുക്കുപകരിക്കട്ടെ.
ഫാ.ജേക്കബ് ചാണ്ടിക്കുഴി