Welcome to
St.Joseph Pontifical Seminary
Mangalapuzha
DECEMBER 12
DECEMBER 12

ദൈവകരത്തിലെ കാത്തിരിപ്പ്.....

പതിമൂന്നാം വയസ്സിൽ എവറസ്റ്റിൻ്റെ നെറുകയിൽ; 13-ാം വയസ്സിൽ ഒളിമ്പിക്സ് സ്വർണമെഡൽ; 17-ാം വയസിൽ ഫുട്ബോൾ വേൾഡ് കപ്പിൽ ഗോൾ; 21-ാം വയസിൽ ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്........ ഇങ്ങനെ വളരെ ചെറുപ്രായത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ച് ഗിന്നസ് ബുക്കിൽ പേരു ചേർത്തിട്ടുള്ളവരെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. ഗിന്നസ് ബുക്കിൽ പേരില്ലെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങൾ ചെറുപ്രായത്തിൽത്തന്നെ പല കാര്യങ്ങളിലും കാണിക്കുന്ന മികവ് മറ്റുള്ളവരുടെ മുമ്പിൽ എടുത്തുപറഞ്ഞ് അഭിമാനിക്കുന്ന മാതാപിതാക്കളെ നമുക്കറിയാം. തങ്ങളുടെ മക്കളെ എത്രയും നേരത്തെ മിടുക്കന്മാരാക്കാനുള്ള മാതാപിതാക്കളുടെ “തല്ലിക്കൊട്ടിപ്പഴുപ്പിക്കലിൻ്റെ " ഇരകളാണു ചില കുഞ്ഞുങ്ങളെങ്കിലും.

എന്നാൽ, ദൈവത്തിൻ്റെ പ്രത്യേകമായ ഇടപെടലിൽ ജനിച്ച സ്നാപകയോഹന്നാൻ്റെ കുട്ടിക്കാലം വളരെ വ്യത്യസ്തമായിരുന്നു. അവൻ വലിയവനായിരിക്കും (ലൂക്ക 1:15) എന്നത് സ്നാപകനെക്കുറിച്ചുള്ള ദൈവിക പദ്ധതിയായിരുന്നല്ലോ. എന്നിട്ടുപോലും സ്നാപകൻ്റെ ബാല്യകാലത്ത് വിസ്മയകരമായ എന്തെങ്കിലും അദ്ദേഹം ചെയ്തതായി നാം കാണുന്നില്ല. എന്നു മാത്രമല്ല, യോഹന്നാൻ തൻ്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പ് അധികമാരാലും അറിയപ്പെടാതെ മരുഭൂമിയിലാണു ജീവിച്ചതും. പക്ഷേ, കാത്തിരിപ്പിൻ്റെ ഈ രഹസ്യജീവിതം നിഷ്പ്രയോജകമായിരുന്നില്ല. മരുഭൂമിയിലും "കർത്താവിൻ്റെ കരം" (ലൂക്കാ 1:66)സ്നാപകൻ്റെ മേലുണ്ടായിരുന്നു. ആ കരത്തിനുള്ളിൽ വച്ച് ദൈവം യോഹന്നാനെ ശക്തനായ ഒരു പ്രവാചകനായി രൂപപ്പെടുത്തുകയായിരുന്നു, സമയമെടുത്തുതന്നെ.

മക്കളെ പെട്ടെന്നുതന്നെ വലിയവരാക്കണമെന്ന വാശിയിൽ മാതാപിതാക്കന്മാർ നടത്തുന്ന പല പരാക്രമങ്ങളും ജീവിക്കാനുള്ള ആശപോലും ചിലരിൽ നിന്ന് അടർത്തിക്കളയാറുണ്ട്. കുടുംബാംഗങ്ങളുടെ പ്രതീക്ഷയുടെ അമിതഭാരം പേറിനിരാശരും നിസ്സഹായരുമായി പാതിവഴിയിൽ തളർന്നിരിക്കുന്ന എത്രയോ പേർ നമുക്കുചുറ്റുമുണ്ട്. നമ്മുടെ കുഞ്ഞിത്തുമ്പികളുടെ മേൽ നാം കെട്ടിവച്ചിരിക്കുന്ന അമിത പ്രതീക്ഷകളുടെ ഭാരമേറിയ കല്ലുകൾ അഴിച്ചുമാറ്റാം. അവർ നമ്മുടെ വീടുകളിലും തൊടികളിലും സ്കൂളുകളിലും പാറിപ്പറന്നു നടക്കട്ടെ. നമ്മുടെ കുഞ്ഞുങ്ങൾ വളരണം, വലിയവരാകണം. അതിനുള്ള ഏറ്റവും ഉറപ്പായ വഴി കർത്താവിൻ്റെ കരങ്ങളിൽ അവരെ ഏല്പിക്കുക എന്നതാണ്. ആ കരങ്ങളിലിരുന്ന് അവർ സമയമെടുത്ത് തളിരിട്ടു വളരട്ടെ - യോഹന്നാനെപ്പോലെ.