പേരിടുമ്പോൾ...
എല്ലാവരും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വാക്കുകളിലൊന്നാണ് അവരുടെ പേര്. നമ്മുടെ പേര് ഏറ്റവുമാദ്യം വെളിപ്പെടുത്തുന്നതു നമ്മെയല്ല, നമ്മുടെ മാതാപിതാക്കളെയാണ്. അവർ മുൻതൂക്കം കൊടുക്കുന്ന മൂല്യങ്ങളെന്തൊക്കെയാണ്, തങ്ങളുടെ കുഞ്ഞുങ്ങളെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങളെന്തൊക്കെയാണ് എന്നതിൻ്റെ സൂചനകൾ ഈ പേരുകളിൽ കാണാൻ കഴിയും. ഉന്നതമായ ആത്മീയ മൂല്യങ്ങളുള്ള മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വിശുദ്ധരുടെയും സുകൃതങ്ങളുടെയും പേരായിരിക്കും വിളിപ്പേരായി നൽകുന്നത്. വളരെ സെക്കുലരായവർ അവരുടെ കുട്ടികൾക്കു നല്കുന്ന പേരുകളുടെ പ്രത്യേകത, പേരിൽ നിന്ന് കുട്ടിയുടെ മതമേതെന്ന് ഊഹിക്കാൻ പറ്റില്ല എന്നതാണ്. ചില സരസന്മാർ പ്രാസമൊപ്പിച്ചാണ് മക്കൾക്ക് പേരിടുന്നത്. അതുകൊണ്ടു തന്നെ പല പേരുകൾക്കും പ്രത്യേകിച്ച് അർഥമൊന്നുമില്ല. ചില പേരുകൾ കുട്ടികൾക്കു വലിയ ബാധ്യതയുമാകാറുണ്ട്.
യഹൂദചിന്തയിൽ പേര് ഒരാളുടെ നിർവചനമാണ്. പേര് എന്നും നിലനില്ക്കുന്ന ഒന്നായതിനാൽ വളരെ സൂക്ഷിച്ചുവേണം പേരു നല്കാനെന്നും ഒരു വ്യക്തിയെ അയാളുടെ ജീവിത കാലം മുഴുവനും നല്ല രീതിയിൽ സ്വാധീനിക്കത്തക്ക പേരു വേണം നല്കാനെന്നും യഹൂദ റബ്ബിമാർ നിഷ്കർഷിച്ചിരുന്നു.
തങ്ങളുടെ കുഞ്ഞ് തങ്ങളുടെ പേരും കുടുംബവും നിലനിർത്തണമെന്നത് ഏതു മാതാപിതാക്കളുടെയും സ്വകാര്യ മോഹമാണ്. അതുകൊണ്ടുതന്നെ ആൺകുഞ്ഞുങ്ങൾക്ക് അവൻ്റെ അപ്പൻ്റെയോ മുത്തച്ഛൻ്റെയോ പേരു നല്കുകയായിരുന്നു യഹൂദ പാരമ്പര്യം. അതനുസരിച്ച് സക്കറിയായും ഏലീശ്വായും വാർധക്യത്തിൽ അവർക്കു ലഭിച്ച ഏക ആൺതരിക്ക് നാട്ടുനടപ്പും പാരമ്പര്യവുമനുസരിച്ച് 'സക്കറിയ' എന്നു പേരു നല്കുമെന്ന് അയൽക്കാരും ബന്ധുക്കളും പ്രതീക്ഷിച്ചു. എന്നാൽ ദൈവം ആ കുഞ്ഞിനുവേണ്ടി നിർദേശിച്ച "യോഹന്നാൻ" എന്ന പേരാണ് അവർ കുഞ്ഞിനു നല്കിയത്.
കുഞ്ഞിനു പേരു നിർദേശിച്ചതുവഴി,ആ കുഞ്ഞിനെ താൻ പ്രത്യേകം തെരഞ്ഞെടുത്തതാണെന്നും അവനെക്കുറിച്ച് തനിക്ക് പ്രത്യേക സ്വപ്നങ്ങളും പദ്ധതികളുമുണ്ടെന്നും ദൈവം സൂചിപ്പിക്കുകയായിരുന്നു. കുഞ്ഞിനെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതിക്കു മുമ്പിൽ കുഞ്ഞിനെക്കുറിച്ചുള്ള തങ്ങളുടെ സ്വപ്നങ്ങൾ ബലികഴിക്കാൻ ആ മാതാപിതാക്കൾ തയാറായി. അയൽക്കാരുടെയോ ബന്ധുക്കളുടെയോ നിർബന്ധങ്ങളോ മാമൂലുകളുടെയും പാരമ്പര്യങ്ങളുടെയും സമ്മർദങ്ങളോ അതിനു തടസ്സമാകാൻ അവർ സമ്മതിച്ചില്ല.
നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ചുള്ള നമ്മുടെ ആഗ്രഹങ്ങളും അവരുടെ സ്വഭാവസവിശേഷതകളെയും നേട്ടങ്ങളുടെയും അനന്യതയെയും കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങളും ഇന്നത്തെ സംസ്കാരത്തിനും നാട്ടുനടപ്പിനും മാത്രം അനുസരിച്ചുള്ളതാണോ? ദൈവം ആഗ്രഹിക്കുന്ന പേരും രൂപവും അവർക്കുണ്ടാകാൻ നാം ശ്രമിക്കുന്നുണ്ടോ? കുഞ്ഞുങ്ങളുടെ കാര്യത്തിൽ മാത്രമല്ല, നമ്മുടെതെന്നു നാം കരുതുന്ന നമ്മുടെ വീട്, വാ ഹനങ്ങൾ, പണം, ജോലി, ബന്ധങ്ങൾ, വിനോദങ്ങൾ എന്നിവയെക്കുറിച്ചുള്ള ദൈവത്തിൻ്റെ പ്രതീക്ഷകൾക്കുനാം വില കൊടുക്കാറുണ്ടോയെന്ന് പരിശോധിക്കുമ്പോഴാണ് വൃദ്ധരായ സക്കറിയായും ഏലീശ്വായും നമ്മെക്കാൾ എത്രയോ കരുത്തരാണെന്ന് നാം തിരിച്ചറിയുക....