തിരിച്ചടിയിൽ അടിതെറ്റാതെ
"അമ്മയെ താല്ലിയാലും രണ്ടുപക്ഷം " എന്നാണല്ലോ പറയാറ് .പക്ഷേ,മക്കളെ തല്ലുന്ന കാര്യത്തിൽ കുറഞ്ഞത് മൂന്ന് പക്ഷമെങ്കിലുമുണ്ട്.മക്കളെ മാതാപിതാക്കൾ തല്ലിത്തനെ വളർത്തണം എന്ന് ചിന്തിക്കുന്നവരാണ് ആദ്യപക്ഷം.മക്കളെ ഒരിക്കലും അടിക്കാൻ പാടില്ലെന്നും തെറ്റുകൾ അവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും രണ്ടാമത്തെപക്ഷം ചിന്തിക്കുന്നു.മക്കളെ തല്ലുന്നത് പൊതുവെ ശരിയല്ലെങ്കിലും അത്യാവശ്യഘട്ടത്തിൽ തല്ലുന്നതിന്നു കുഴപ്പമില്ലെന്നതാണ് മൂന്നാമത്തെകൂട്ടരുടെ നിലപാടു.കുട്ടികളെ അവരുടെ പേരിൽ ശിഷിക്കാമെങ്കിലും തല്ലുന്നത് ശരിയായ ശിക്ഷാമാർഗ്ഗമായി ആധുനിക ലോകം പൊതുവെ അംഗീകരിക്കുന്നില്ല എന്ന് നമുക്കറിയാം .അഥവാ മക്കളെ അടിച്ചുവളർത്തണമെന്നു നിർബന്ധമുള്ളവർ "ആളറിഞ്ഞുവേണം" ചെയ്യാനും."എത്ര തല്ലിയാലും നാണമില്ലാത്ത പിള്ളേരുണ്ട് .ഒരടികിട്ടുമ്പോൾ തന്നെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവരുമുണ്ട്.
മാതാപിതാക്കളുടെ അടിയോട് വിവിധ രീതിയിൽ പ്രതികരിക്കുന്ന മക്കളുള്ളതുപോലെ ദൈവത്തിൻ്റെ അടിയോട് വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നവരാണ് മനുഷ്യർ. മെഴുകുരുകുന്നു ;ചെളി കട്ടപിടിക്കുന്നു .ജീവിതത്തിലെ തിരിച്ചടികളിൽ മനസ്സുരുകി ദൈവത്തിലേയ്കടുക്കുന്നവരുണ്ട് ,മനസ്സ് കട്ടപിടിച്ചു ദൈവത്തിൽ നിന്ന് അകന്നു പോകുന്നവരുമുണ്ട്.ചെറുപ്പത്തിൽ തന്നെ ദൈവത്തിൽ നിന്നും അടികിട്ടിയവനായിട്ടാണ് ഒരുപക്ഷേ സഖറിയ തന്നെത്തന്നെ കണ്ടത് .സന്താനരാഹിത്യം എന്ന വലിയ താഢനമേറ്റിട്ടും അദ്ദേഹം പുരോഹിത ശുശ്രുഷയിലൂടെ ദൈവത്തോട് ചേർന്ന് നിൽക്കുക തന്നെ ചെയ്തു.വാർദ്ധക്യത്തിൽ ദൈവത്തിൻ്റെ ശിക്ഷണത്തിൻ്റെ ദണ്ഡ് ഒരിക്കൽകൂടി സഖറിയായുടെ മേൽ പതിച്ചു .ആ അടിയിൽ സഖറിയ ഊമനായിപ്പോയി.സന്താന രഹിതനായ സഖറിയാ ഊമനും കൂടി ആയതോടെ അദ്ദേഹത്തിൻ്റെ അപമാനം അതിൻ്റെ പരമ കാഷ്ഠയിലെത്തിക്കാണണം .എങ്കിലും ഈ തിരിച്ചടികളിലൊന്നും അദ്ദേഹം അടിപതറിയില്ല .ഉമനായിക്കഴിഞ്ഞ പത്തുമാസകാലവും ദൈവസ്‌തുതികൾ മനസ്സിൽ ഉരുവിട്ടുകൊണ്ട് സഖറിയാ തന്നെത്തന്നെ എളിമപ്പെടുത്തി .
ഒടുവിൽ നാവിൻ്റെ കെട്ടഴിഞ്ഞപ്പോൾ അതുവരെ മനസ്സിൽ നിറഞ്ഞുനിന്ന വികാരവിചാരങ്ങളൊക്കെ അണപൊട്ടിയൊഴുകി .അതിൽ അമർഷത്തിൻ്റെയും കാലുഷ്യത്തിൻ്റെയും കണികപോലുമുണ്ടായിരുന്നില്ല,പിന്നെയോ നിഷ്ക്കളങ്കമായ ദൈവസ്‌തുതികൾ മാത്രം .സഖറിയാ വാ തുറന്നത് ദൈവത്തെ സ്തുതിക്കാനാണ് , അതും ആത്മാവിനാൽ നിറഞ്ഞ്.അടിക്കൊടുത്ത ദൈവം തന്നെ ആത്മാവിനെയും കൊടുക്കുന്നു .ദൈവം ശിഷിക്കുന്നത് നശിപ്പിക്കാനല്ലെന്നു വ്യക്തം .സഖറിയാ നമ്മുക്കൊരു ജീവിത പാഠംനൽകുന്നു :ദൈവം ശിക്ഷിക്കുന്നു എന്ന് തോന്നുമ്പോഴും അടിപതറാതെ ഉള്ളുരുകി ദൈവത്തെ കാത്തിരിക്കുന്നവർക്ക് നന്ദിയോടെ ദൈവസ്‌തുതികൾ ആലപിക്കാനുള്ള കാലം അകലെയല്ല എന്ന പാഠം ............