കാത്തിരിപ്പിന്റെ ഭാഗ്യം
കുട്ടികൾ തുള്ളി ചാടിക്കൊണ്ട് ഉമ്മറത്തുതന്നെ ഉണ്ട് . പപ്പാ ജോലിയും കഴിഞ്ഞു വരുന്നതും കാത്തിരിക്കുകയാണ് അവർ. പപ്പയെ കണ്ടപാടെ തോളിലോട്ടു ചാടികയറാണ് അവർ ഓടി അടുത്തു തന്റെ അരുമകളെ കോരിയെടുത്തു കൊണ്ട് അയാൾ ഉമ്മകൾ കൊണ്ട് അവരെ മുടി. അവർ തിരിച്ചും. ആരു അരെയാണ് കാത്തിരുന്നത്? മക്കൾ പപ്പയെയോ, പപ്പാ മക്കളെയോ? ആർക്കാണ് കൂടുതൽ സന്തോഷം ? പപ്പക്കോ, മക്കൾക്കോ ? ഇത്തരം സുഖകരമായ കാത്തിരിപ്പുകളും സമാഗമങ്ങളും കൊണ്ട് അടയാളപ്പെടുത്തിയിട്ടുള്ള ജീവിതങ്ങൾക്ക് സൗഭാഗ്യത്തിന്റെ സൗന്ദര്യം ഉണ്ട്. ഇത്തരം കാത്തിരിപ്പുകൾ ജീവിതത്തിന് അഴകും അർത്ഥവും ആവേശവും നൽകുന്നു. ഇഷ്ടസുഹൃത്തിന്റെ വരവിനായി, ഇഷ്ടപെട്ട ജോലിയിൽ പ്രേവശിക്കുന്ന ആദ്യദിനത്തിനായി, ആദ്യത്തെ കണ്മണിക്കായി... അങ്ങനെയങ്ങനെ എത്രെയോ തരം സുന്ദരമായ കാത്തിരിപ്പുകൾ. കാത്തിരിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക ഒരു ഭാഗ്യമാണ്. കാത്തിരിപ്പു ഒരു ഭാഗ്യമാണ് എന്ന് തിരിച്ചറിയുമ്പോൾ, നമ്മുടെ ജീവിതത്തെ കൂടുതൽ വിലമതിക്കാനും ആസ്വദിക്കാനും നമ്മുക്ക് കഴിയും.
പലർക്കുവേണ്ടിയും പലതിനുവേണ്ടിയും ആവേശപൂർവം കാത്തിരിക്കാനുള്ള ഭാഗ്യം ലഭിച്ചവരാണ് നാമെങ്കിൽ അതോടൊപ്പമുള്ള ഒരു ഉത്തരവാദിത്വം കുടി നാം കാണാതെ പോകരുത്.നമുക്കായി കാത്തിരിക്കുന്നവരെ തിരിച്ചറിയുക എന്നതാണ് ആ ഉത്തരാവാദിത്വം. നമ്മുടെ സ്‌നേഹപൂർവകമായ ഒരു നോട്ടം, ചിരി ,സാന്നിധ്യം, കുശലംപറച്ചിൽ ഒരു കൈസഹായം, ആശ്വാസവചനം, ക്ഷമ എന്നിവയ്ക്കായി ദാഹത്തോടെ കാത്തിരിക്കുന്നവർ നമ്മുടെ കുടുംബത്തിന് പുറത്തല്ല, അകത്താണ് കൂടുതാലുള്ളതെന്നു നമുക്കോർമിക്കാം.
യഹുദരെന്നും മിശിഹാക്കായി ഒരുങ്ങി കാത്തിരുന്നു. അവരുടെ ഒരുക്കവും കാത്തിരിപ്പും അനുസ്മരിച്ചുകൊണ്ടും അനുവർത്തിച്ചുകൊണ്ടുമാണ് ക്രിസ്ത്യാനികൾ ഒരോ വർഷവും ക്രിസ്മസ്നായി ഒരുങ്ങുന്നത്. ആ ഒരുക്കത്തിന്റെയും കാത്തിരിപ്പിന്റെയും കാലം ഇന്ന് ആരംഭിക്കുകയാണ്. ദൈവപിതാവിനുവേണ്ടിയുള്ള മനുഷ്യമക്കളുടെ കാത്തിരിപ്പും മക്കളുടെ അടുത്തേക്കുള്ള ദൈവപിതാവിന്റെ യാത്രയും സന്ധിക്കുന്ന തിരുമുറ്റമാണ് ക്രിസ്മസ്. തനിക്കായി കാത്തിരിക്കുന്നവരെ അവരുടെ ജീവിത്തിന്റെ തിരുമുറ്റത്തെത്തി വാരിപുണരുന്നവനാണ് ദൈവമെന്ന ഏറ്റുപറച്ചിലാണ് ക്രിസ്മസ്. നമ്മുടെ എല്ലാ കാത്തിരിപ്പുകളും നമുക്കായുള്ള മറ്റുള്ളവരുടെ കാത്തിരിപ്പൂകളും സഫലമാകുന്ന സന്തോഷത്തിന്റെ തിരുമുറ്റത്തേക്ക് ദൈവം നമ്മെ വഴിനടത്തട്ടെ.
ഫാദർ . ജേക്കബ് ചാണികുഴി