Welcome to
St.Joseph Pontifical Seminary
Mangalapuzha
DECEMBER 18
DECEMBER 18

നമ്മെ മനസിലാക്കുന്നവരോടൊത്ത്...

സ്നേഹധനനായ ഭർത്താവ്, ഉയർന്ന ശമ്പളമുള്ള ജോലി, എല്ലാ സൗകര്യങ്ങളുമുള്ള വീട്. എങ്കിലും ഒരു കുഞ്ഞില്ലാത്ത ദുഃഖം ശമിപ്പിക്കാൻ പോന്നതായിരുന്നില്ല തെരേസിന് ഇതൊന്നും. അങ്ങനെയാണ് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ അവർ തീരുമാനിച്ചത്. ചിൽഡ്രൻസ് ഹോമിൽ ചെന്നപ്പോൾ കുട്ടികൾ കളിക്കുകയാണ്. ഒരു കുട്ടി മാത്രം കളിക്കാതെ വരാന്തയിലിരുന്നു കൂട്ടുകാരെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നു. കളിക്കുന്നവരേക്കാൾ കൂടുതൽ സന്തോഷം അവൾക്കാണെന്നു തോന്നും അവളുടെ ചിരി കാണുമ്പോൾ. കുട്ടികളുടെ ചുമതലയുള്ള സിസ്റ്റർ വന്നപ്പോൾ ആ കുട്ടിയെക്കുറിച്ചു തെരേസ് ചോദിച്ചു. “ങ്ങാ മിന്നു. അവളുടെ ഒരു കാലു തളർന്നിട്ടാണ്. അതുകൊണ്ടാണ് അവൾ കളിക്കാത്തത്.” “സിസ്റ്റർ, ഞങ്ങൾക്കവളെ ദത്തെടുക്കാൻ പറ്റുമോ?” “തീർച്ചയായും', ഉള്ളിലെ അന്ധാളിപ്പൊളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് സിസ്റ്റർ പറഞ്ഞു. “എങ്കിലും എന്തുകൊണ്ടാണ് അവളെത്തന്നെ വേണമെന്നു തോന്നിയത്?" കുനിഞ്ഞ് തന്റെ സാരി ഉയർത്തി ഇടതുവശത്തെ കൃത്രിമക്കാൽ കാണിച്ചുകൊണ്ട് തെരേസ് പറഞ്ഞു, “സിസ്റ്റർ, എനിക്കും ഓടാൻ സാധിക്കില്ല. അതുകൊണ്ട് എനിക്ക് മിന്നുവിനെ മറ്റാരെക്കാളും നന്നായി മനസിലാക്കാൻ കഴിയും. തന്നെ മനസിലാക്കാൻ കഴിയുന്ന ഒരാളെയല്ലേ അവൾക്കും വേണ്ടത്?"
മറിയത്തിനു വേണ്ടിയിരുന്നതും അങ്ങനെയൊരാളെയായിരുന്നു. തന്നെ മനസിലാക്കുന്ന ഒരാളെ, അയാളോടല്ലേ എല്ലാം തുറന്നു പറയാൻ പറ്റു. തനിക്കു ദൈവദൂതൻ പ്രത്യക്ഷപ്പെട്ടെന്ന്, താൻ പരിശുദ്ധാത്മാവിനാൽ ഗർഭവതിയാവാൻ പോകുന്നുവെന്ന്, ദൈവപുത്രന്റെ അമ്മയാകാൻ പോകുന്നെന്നൊക്കെ പറഞ്ഞാൽ, പെണ്ണിന്റെ തലയ്ക്ക് ഓളമാണെന്ന് കേൾക്കുന്നവരൊക്കെ പറയു, ഭർത്താവാണെങ്കിലും അപ്പനുമമ്മയുമാണെങ്കിലും. അതുകൊണ്ട് മറിയം യാത്രയായി, തന്നെപ്പോലെതന്നെ ദൈവദൂതന്റെ ദർശനമുണ്ടായ സക്കറിയായുടെ ഭവനത്തിലേക്ക്. വാർധക്യത്തിൽ അദ്ഭുതകരമായി ഗർഭംധരിച്ച ഏലീശ്വായ്ക്ക് തന്റെ അവസ്ഥ മനസിലാകും; സക്കറിയായ്ക്കുണ്ടായ ദർശനത്ത ക്കുറിച്ച് അറിയാവുന്നതുകൊണ്ട് അവൾ തനിക്കുണ്ടായ ദർശനവും വിശ്വസിക്കും; തന്റെ ശുശ്രൂഷ അവൾക്ക് വലിയ ആശ്വാസവുമാകും എന്നൊക്കെ മറിയം മനസിലോർത്തുകാണും.
ഇളയമ്മയായ ഏലീശ്വായുടെ അടുക്കലെത്തുമ്പോൾ ഗർഭധാരണത്തിന്റെ യാതൊരു ശാരീരിക ലക്ഷണങ്ങളും മറിയത്തിനുണ്ടായിരുന്നില്ല. എങ്കിലും അവളെ കണ്ട മാത്രയിൽ ഏലീശ്വാ ഉദ്ഘോഷിച്ചു, മറിയം ദൈവപുത്രനെ ഗർഭം ധരിച്ചിരിക്കുന്നുവെന്ന സത്യം. മറിയത്തിന് ഒന്നും പറയേണ്ടിവന്നില്ല. ഏലീശ്വാ എല്ലാം ഇങ്ങോട്ടു പറയുകയാണ്. മറിയത്തിനുണ്ടായ ആശ്വാസവും സന്തോഷവും എത്രയധികമായിരുന്നിരിക്കും,!
നമ്മുടേതുപോലുള്ള ദൈവവിശ്വാസവും ദൈവാനുഭവവും സന്മാർഗമൂല്യങ്ങളുമുള്ള വ്യക്തികൾക്കാണ് നമ്മുടെ ആശകളും ആശാഭംഗങ്ങളും ചിന്തകളും വികാരങ്ങളും പ്രശ്നങ്ങളും നിലപാടുകളും മനസിലാക്കാൻ കഴിയൂ. അങ്ങനെ നമ്മെ മനസിലാക്കാൻ കഴിയുന്ന ഒരാളെ കിട്ടുന്നത് ദൈവകൃപയാണ്. മറിയം തന്നെ അങ്ങനെയൊരാളെ കണ്ടെത്തിയത് ദൈവദൂതന്റെ ഇടപെടലിലൂടെയായിരുന്നല്ലോ. അതുപോലെ നമ്മുടെ പക്കലേക്ക് ആരെയെങ്കിലും അയയ്ക്കാൻ ദൈവദൂതൻ ധൈര്യപ്പെടുമോ?

ഫാ.ജേക്കബ് ചാണിക്കുഴി