Welcome to
St.Joseph Pontifical Seminary
Mangalapuzha
DECEMBER 10
DECEMBER 10

അപരൻ്റെ നന്മയിൽ സന്തോഷിച്ചുകൊണ്ട്...

പച്ചമാങ്ങ മലയാളികളുടെ മനസ്സിൽ ഗർഭകാലത്തൻ്റെ പ്രതീകമാണ്. പച്ചമാങ്ങയടക്കം ചില ഭക്ഷണപദാർഥങ്ങളോട് സ്ത്രീകൾക്കു 'പൂതി' തോന്നുകയും ഇവരുടെ ഇമ്മാതിരിയു ള്ള ആഗ്രഹങ്ങൾ ഭർത്താക്കന്മാർ സാധിച്ചു കൊടുക്കുകയും ചെയ്യുന്ന സമയമാണ് ഗർഭകാലം. അതു കൊണ്ടാവാം ഒട്ടുമിക്ക സ്ത്രീകളെ സംബന്ധിച്ചും ഏറ്റവും സന്തോഷകരമായ കാലഘട്ടമാണത്. ഒന്നു പ്രസവിച്ചവൾ ഒന്നുകൂടി പ്രസവിക്കാൻ ആഗ്രഹിക്കും.

സുവിശേഷത്തിൽ നാം ആദ്യം കാണുന്ന രണ്ടു ഗർഭിണികളാണ് ഏലീശ്വായും മറിയവും. പക്ഷേ, അവരുടെ രണ്ടുപേരുടെയും ഗർഭകാലം അത്ര സുന്ദരമായിരുന്നെന്നു കരുതുവാൻ നിർവാഹമില്ല. രണ്ടുപേരും വളരെ അപ്രതീക്ഷിതമായി ഗർഭം ധരിച്ചവരാണ്. ഒരാൾ വളരെ നേരത്തേ ഗർഭിണിയായി. മറ്റേയാൾ വളരെ വൈകിയും. ഒരാൾ കന്യകയായിത്തന്നെ ഗർഭം ധരിച്ചു. മറ്റേയാൾ വന്ധ്യയായിരിക്കെയും. ആകസ്മികമായുണ്ടായ ഗർഭത്തോടു പൊരുത്തപ്പെടാൻകൂടിയാവണം ഒരാൾ വീടുവിട്ടുപോയി. മറ്റേയാൾ വീട്ടിൽനിന്നു പുറത്തോട്ടിറങ്ങാതിരുന്നു.

സക്കറിയായും ഏലീശ്വായും പുറത്തിറങ്ങാതിരുന്നതുകൊണ്ട് ഏലീശ്വാ ഗർഭിണിയായ വിവരം ആറാം മാസം ഗബ്രിയേൽ ദൂതൻ പറഞ്ഞുമാത്രമാണ് മറിയം അറിയുന്നത്. മറിയം ഏലീശ്വായെ കാണാനെത്തി. മറിയത്തെ കണ്ട മാത്രയിൽ അവൾ മിശിഹായുടെ മാതാവാകാൻ പോകുന്നുവെന്നു പരിശുദ്ധ ആത്മാവിനാൽ നിറഞ്ഞ് ഏലീശ്വാ മനസ്സിലാക്കി. തൻ്റെമോൻ മിശിഹായുടെ മുന്നോടിയാണെന്നും. ആ അറിവ് ഗർഭത്തിൻ്റെ അസ്വസ്ഥതകൾ വർധിപ്പിച്ചുകൊണ്ട് അവളിൽ നീരസമോ നിരാശയോ ഉണ്ടാക്കിയില്ല. മാനുഷികമായി ചിന്തിച്ചാൽ അരിശപ്പെടാൻ അവൾക്കു വേണ്ടത്ര കാരണങ്ങളുണ്ട്. ഒന്ന്, ഏലീശ്വായാണു മൂത്തത്. മറിയം വളരെ ചെറുപ്പമാണ്. സമൂഹത്തിൽ മുതിർന്നവർക്കാണു കൂടുതൽ സ്ഥാനവും ബഹുമാനവും ലഭിക്കേണ്ടത്. രണ്ടാമതായി, ദീർഘകാലം നീതിനിഷ്ഠയിലും പ്രമാണങ്ങൾ അനുസരിച്ചുകൊണ്ടു ജീവിച്ചും ദൈവത്തോടുള്ള വിശ്വസ്തത തെളിയിച്ചുകഴിഞ്ഞവളാണ് ഏലീശ്വാ. മറിയം അതൊക്കെ തെളിയിക്കാനിരിക്കുന്നതേയുള്ളു. ആ നിലയ്ക്കും മിശിഹാ ജനിക്കേണ്ടിയിരുന്നത് എലിശ്വായിൽനിന്നാണ്. മൂന്നാമതായി, ഏലീശ്വാ അഹറോൻ്റെ ഗോത്രത്തിൽപ്പെട്ടവളാണ്. ഒരു പുരോഹിതൻ്റെ ഭാര്യയാണവൾ. മറിയം ഒരു ആശാരിയുടെയും. എങ്കിലും മറിയത്തിൻ്റെ വലിയ സ്ഥാനലബ്ധിയിൽ ഏലീശ്വാ ദുഃഖിക്കുന്നില്ലെന്നു മാത്രമല്ല, മറിയത്തെ അഭിനന്ദിക്കുകയും സ്തുതിക്കുകയും ചെയ്യുകയാണവൾ (ലൂക്ക: 1, 42-45). മറിയത്തെ തന്നേക്കാൾ ഭാഗ്യവതി എന്നല്ല, എല്ലാ സ്ത്രീകളെയുംകാൾ ഭാഗ്യവതി എന്ന് ഏലീശ്വാ പുകഴ്ത്തുമ്പോൾ അവളുടെ വലിയ എളിമയും നന്മയുമാണ് അനാവരണം ചെയ്യപ്പെടുന്നത്.

ദൈവത്തിൽനിന്ന് എന്തെങ്കിലും അനുഗ്രഹങ്ങൾ - അത് ജോലിയോ, കുഞ്ഞോ, ആത്മീയ വളർച്ചയോ, ഭൗതീകൈശ്വര്യമോ എന്തുമായിക്കൊള്ളട്ടെ - കാത്തിരിക്കുന്ന വരാണു നാം. നാം പ്രതീക്ഷിക്കുന്നതുപോലുള്ള അനു (ഗഹങ്ങൾ മറ്റുള്ളവർക്കു ലഭിക്കുന്നതു കാണുമ്പോൾ എലീശ്വായെപ്പോലെ വലിയ ഹൃദയവിശാലതയോടും എളിമയോടുംകൂടെ അവരെ അഭിനന്ദിക്കാനും ദൈവത്തെ സ്തുതിക്കാനും നമുക്കു കഴിയുമോ? അതിനുള്ള എളിമ യും നന്മയും നമുക്കുണ്ടെങ്കിൽ നാമും ദൈവാനുഗ്രഹം സ്വീകരിക്കാൻ യോഗ്യമായ അനുഗൃഹീത പാത്രങ്ങളാകും, തീർച്ച.