Welcome to
St.Joseph Pontifical Seminary
Mangalapuzha
DECEMBER 5
DECEMBER 5

അറിയാത്തതിനുവേണ്ടിയുള്ള കാത്തിരിപ്പ്

"അച്ഛനറിയാല്ലോ ,ഏഴുകൊല്ലം നോക്കിയിരുന്നിട്ടുണ്ടായ കൊച്ചാണവൻ ." പഴയ വികാരിയച്ചനോട് ജോസ് തൻ്റെ ഹൃദയം തുറക്കുകയാണ്. "പത്തുകൊല്ലം എൻ്റെ മോനെ പൊന്നുപോലെ നോക്കി .മുത്തായിരുന്നച്ചോ അവൻ എൻ്റെ മാത്രമല്ല നാട്ടുകാർക്കൊക്കെ .എല്ലാ ദിവസവും അവൻ എൻ്റെ കൂടെ പള്ളിയിൽ വരുമായിരുന്നു.എന്നിട്ടും കൊണ്ടുപോയില്ലേ ദൈവം എൻ്റെ പൊന്നുമോനെ ?കൊണ്ടുതിന്നാനായിരുന്നെങ്കിൽ പിന്നെ അങ്ങേര് അവനെ എന്നിക്കു തന്നതെന്തിനാണച്ചോ ? എൻ്റെ കൊച്ചു കുഴിയിലോട്ട് പോയ ദിവസം ഞാൻ നിറുത്തി ,പള്ളിയിലോട്ടുള്ള പോക്കും....ജീവിക്കാനുള്ള ഒരു പിടിവള്ളിയല്ലേയച്ചോ ദൈവമൊക്കെ .എനിക്ക് ജീവിക്കണോന്നു തന്നെയില്ല ;പിന്നെന്തിനാ അങ്ങനൊരു പിടിവള്ളി.....?
ആറു മാസം മുൻപ് തൻ്റെ ഏക മകൻ മരിച്ചന്ന് രുപപെട്ടതാണ് ജോസിൻ്റെയുള്ളിലെ അഗ്നിപർവതം .പണ്ട് നല്ല അടുപ്പം ഉണ്ടായിരുന്ന അച്ചന്മാരെ കാണുമ്പോൾ അത് പൊട്ടും .പൊള്ളുന്ന വാക്കുകളുടെ ലാവ പുറത്തേക്കൊഴുകും ..
ഹൃദയത്തിൽ ഒരു സങ്കട കടൽ ഒളുപ്പിച്ചുവച്ചു പുരോഹിതനായിരുന്നു സഖറിയായും (ലുക്കാ 1 :5 -20).അതു കുഞ്ഞു നഷ്ടപ്പെട്ടതിൻ്റെ ദുഃഖമായിരുന്നില്ല .ഒരു ദിവസത്തേയ്ക്കെങ്കിലും ഓമനിക്കാനായി ഒരു കുഞ്ഞിനെ ദൈവം കൊടുക്കാത്തതിൻ്റെ ദുഃഖമായിരുന്നു അത്.ഒരുപക്ഷേ ,ആ ഒറ്റ ദിവസത്തിൻ്റെ ഓർമ്മയിൽ ഒരായുസ്സു മുഴുവൻ സഖറിയാ സന്തോഷിച്ചേനെ .പക്ഷേ ,അയാൾ സന്താന രഹിതനായിതന്നെ തുടർന്നു .ദൈവ നാമത്തിൽ ദൈവ ജനത്തെ അനുഗ്രഹിക്കേണ്ട പുരോഹിതനാണയാൾ . പക്ഷേ സന്താന സൗഭാഗ്യമെന്ന ദൈവത്തിൻ്റെ ആദ്യാനുഗ്രഹം പോലും (ഉല്പത്തി 1 :28) ഇല്ലാത്തവനാണ് താനെന്ന ചിന്ത ആശീർവദിക്കാൻ കൈകളുയർത്തുമ്പോഴൊക്കെ ആ മനുഷ്യനെ വേട്ടയാടി കാണില്ലേ ...?സന്താനം ഇല്ലാത്തതുകൊണ്ട് ,"ദൈവത്താൽ ശപിക്കപ്പെട്ടവൻ " എന്ന പൊതുജനം ചാർത്തികൊടുത്ത തീട്ടൂരവുമായി ദൈവശുശ്രുഷയ്ക്കു നില്കേണ്ടിവന്ന നിഷ്ക്ളങ്കനായ ആ പുരോഹിൻതൻ്റെ ഹൃദയ വ്യഥ ആരറിഞ്ഞു ..?കുഞ്ഞിന് വേണ്ടിയുള്ള തൻ്റെ പ്രാർത്ഥനകൾ ദൈവം തള്ളിക്കളഞ്ഞിരിക്കുന്നു എന്നറിഞ്ഞിട്ടും ദൈവത്തെ തളളികളയാതെ ജീവിച്ച മനുഷ്യനാണു സഖറിയാ .കുഞ്ഞുണ്ടാകാൻ സാധ്യതയുള്ള കാലത്തോളം അദ്ദേഹം കുഞ്ഞിനായി പ്രാർത്ഥിച്ചിട്ടുണ്ടാകും .അതിനു ശേഷമോ ...?അതിനു ശേഷവും അദ്ദേഹം ദൈവശുശ്രുഷയിൽ തുടർന്നു .ദൈവം അയ്യാൾക്ക് ഇനിയെന്തനുഗ്രഹം നൽകാനാണ് ..?സഖറിയായ്ക്കു അറിയില്ല ..എങ്കിലും അയാൾ കാത്തിരിപ്പ് തുടർന്നു .എന്തിനു വേണ്ടി ....?അയാൾക്കറിയാത്തതിന് വേണ്ടി ,അഥവാ ദൈവത്തിനു മാത്രം അറിയുന്ന എന്തിനോ വേണ്ടി !